Data Loading...

jerin article Flipbook PDF

jerin article


127 Views
120 Downloads
FLIP PDF 89.33KB

DOWNLOAD FLIP

REPORT DMCA

അത്ര മേല്‍ ഹൃദ്യം... ഈ കുസുമം എത്ര തവണ ആലോചിച്ചിട്ടാണ് ഒരു കുഞ്ഞിന് പേരിടുന്നത്. ഒരു പേര് എന്ന് പറയുന്നത് അത്ര നിസാര കാര്യമല്ല. ഒരാളുടെ ജീവിതാവസാനം വരെയുള്ള ഐഡന്റിറ്റിയാണ് അയാളുടെ പേര്. ഒരു പേരിലെന്തിരിക്കുന്നു എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കൊന്നും ഈ കാലത്ത് ഒരു പ്രസക്തിയുമില്ല. ലോകത്തിന്റെ മറ്റൊരറ്റത്തിരുന്ന് ഈ കുറിപ്പ് തയാറാക്കുമ്പോള്‍ അത് മറ്റാരേക്കാളും അധികമായി എനിക്ക് മനസിലായിട്ടുണ്ട്. പേരിലാണ് എല്ലാം. അല്ലെങ്കില്‍ പേര് തന്നെയാണ് എല്ലാം. പറഞ്ഞുവരുന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുസുമം എന്ന് തന്റെ മകള്‍ക്ക് പേരിട്ട ആ മാതാപിതാക്കളുടെ ദീര്‍ഘവീക്ഷണത്തെക്കുറിച്ചാണ്. പേരിലെ സൗരഭ്യം ചെറുകാറ്റായും നറുവാസനയുമായെല്ലാം നിരവധി തലമുറകളിലേക്ക് ഈ കുഞ്ഞ് പകര്‍ന്നുനല്‍കുമെന്ന ആ മാതാപിതാക്കളുടെ കാലത്തിനുമുന്നേ സഞ്ചരിച്ച വീക്ഷണത്തിനുമുന്നില്‍ സ്‌നേഹപ്രണാമം. കുസുമം ടീച്ചറെക്കുറിച്ച് ഒരു ഓര്‍മ്മക്കുറിപ്പ് തയാറാക്കാന്‍ പറഞ്ഞപ്പോള്‍ അതൊരു കുറിപ്പില്‍ ഒതുക്കാമോ എന്നതായിരുന്നു ആദ്യചിന്ത. കാരണം അനുഭവങ്ങളും വികാരങ്ങളും പലപ്പോഴും വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലല്ലോ. വ്യക്തിപരമായി ഓരോ വിദ്യാര്‍ഥികളുമായും ഏറെ അടുപ്പമുള്ള അധ്യാപിക, അവരുടെ കുടുംബാംഗങ്ങളുമായും ഏറെ പരിചയം, വിദ്യാര്‍ഥികളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കുന്ന ഒരമ്മയുടെ കരുതല്‍ എപ്പോഴും അവര്‍ക്കുണ്ടെന്ന് പറയാതെ പറയുന്ന ടീച്ചര്‍, ഒപ്പം നിലപാടുകളിലെ കാര്‍ ക്കശ്യം... ടീച്ചറെക്കുറിച്ചുള്ള വിശേഷണങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്. ഇനി വ്യക്തിപരമായി എന്നെ സംബന്ധിച്ച് ടീച്ചറോട് ഒരുപക്ഷേ ഒരു പ്രത്യേക സ്‌നേഹമുണ്ട്. ഞാനടക്കമുള്ള ഞങ്ങളുടെ ബാച്ചിന്റെ അഞ്ചാം ക്ലാസിലെയും ആറാം ക്ലാസിലെയും ക്ലാസ് ടീച്ചര്‍ കൂടിയായിരുന്നു കുസുമം ടീച്ചര്‍. അഞ്ചാം ക്ലാസില്‍ നിന്നും ജയിച്ച കുട്ടികളുടെ പേര് വിളിക്കുന്ന ദിവസം ഇന്നലെയെന്ന പോലെ മനസില്‍ തെളിഞ്ഞുനില്‍ക്കുന്നു. അഞ്ചാം ക്ലാസില്‍ നിന്നും ക്ലാസിലെ പകുതിയോളം വിദ്യാര്‍ഥികളുടെ പേര് വിളിച്ച ശേഷം നിങ്ങള്‍ ആറാം ക്ലാസ് എ യിലേക്കാണ് എന്നുപറഞ്ഞതും അവരെല്ലാം അങ്ങോട്ടേക്ക് നടന്നുനീങ്ങി. ബാക്കിയുള്ളവരുടെ പേര് കൂടി വിളിച്ചശേഷം നിങ്ങളെല്ലാം ആറാം ക്ലാസ് ബി അതായത് എന്റെ ക്ലാസിലേക്കാണെന്ന് ടീച്ചര്‍ പറഞ്ഞതും ഞങ്ങളെല്ലാവരും ആര്‍പ്പുവിളിച്ചതും കയ്യടിച്ചതും ഇന്നും മനസില്‍ പച്ചപിടിച്ചുകിടക്കുന്നു. അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീച്ചര്‍. ആറാം ക്ലാസ് ബിയെ സംബന്ധിച്ചിടത്തോളം സ്‌കൂളിലെ തന്നെ അല്‍പം വികൃതിത്തരങ്ങളും വില്ലത്തരങ്ങളുമൊക്കെയുള്ള ബാച്ചായിരുന്നു ഞങ്ങളുടേത്. എങ്കിലും എല്ലാവരെയും ഒരുപോലെ കൈകാര്യം ചെയ്യാന്‍ ടീച്ചര്‍ക്ക് പ്രത്യേക കഴിവായിരുന്നു. ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ എല്ലാവരെയും ചാപ്പലിലേക്ക് കൊണ്ടുപോകുകയും അല്‍പനേരം പ്രാര്‍ഥിക്കുകയും ചെയ്യുന്ന ടീച്ചറുടെ രീതിയില്‍ എല്ലാം മഞ്ഞുപോലെ ഉരുകിത്തീരാറാണ് പതിവ്. ഒപ്പം ടീച്ചറുടെ കുടുംബവുമായും ഞങ്ങള്‍ക്കെല്ലാവര്‍ക്കും അടുത്ത ബന്ധമായിരുന്നു. ഒരിക്കല്‍ ഞങ്ങളെല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ചു. ഏറെ സന്തോഷത്തോടെ ഒരു പിക്ന ‌ ിക് അനുഭവത്തോടെയാണ് ഞങ്ങളെല്ലാം ടീച്ചറുടെ വീട്ടില്‍ പോയതും ഒരുമിച്ച് ഭക്ഷണം കഴിച്ചതും കുറേ സമയം അവിടെ ചെലവഴിച്ചത.് പിന്നീട് ഒല്ലൂരിലേക്കുള്ള ബസ് യാത്രയില്‍ ടീച്ചറുടെ വീടിനുമുന്നിലെത്തുമ്പോള്‍ തൊട്ടടുത്തിരുന്നവരോട് അഭിമാനത്തോടെ ഇത് ഞങ്ങളുടെ കുസുമം ടീച്ചറുടെ വീടാണെന്ന് പറയുന്നതോര്‍ക്കുമ്പോള്‍ ഇപ്പോഴും മനസില്‍ നിറയുന്നത് അഭിമാനം മാത്രം. ഇല്ല, ഓര്‍മകള്‍ക്ക് ഒരുകാലത്തും മരണമില്ല.... ഓര്‍മകള്‍ അവസാനിക്കുന്നുമില്ല.... ഏറ്റവുമൊടുവില്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ടീച്ചര്‍ക്കുള്ള യാത്രയയപ്പ് യോഗത്തില്‍ സംബന്ധിക്കാന്‍ എനിക്കായില്ല. ഞാന്‍ നാട്ടിലില്ലായിരുന്നു. അതിന്റെ പിറ്റേന്ന് ടീച്ചറെ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ ഇത്ര

അകലെയായിരുന്നിട്ടും നീയെന്നെ വിളിച്ചല്ലോ, അതാണെന്റെ ഏറ്റവും വലിയ സന്തോഷമെന്ന് ടീച്ചറുടെ വാക്കുകള്‍ എക്കാലവും നിധിപോലെ ഞാന്‍ മനസില്‍ സൂക്ഷിക്കും. ഡിസംബറിന്റെ നനുത്ത തണുപ്പില്‍ കാറ്റത്ത് പൊഴിയുന്ന മധുരപ്പുളിയുടെ നറുമധുരവും തൊട്ടടുത്ത കോണ്‍വന്റിന്റെ പറമ്പില്‍ നിന്നും വീണുകിട്ടുന്ന അമ്പഴങ്ങയുടെ മധുരവും ചവര്‍പ്പും കലര്‍ന്ന രുചിയും കൂടി പങ്കുവയ്ക്കാതെ ചിയ്യാരം മഠത്തിനെക്കുറിച്ചുള്ള ഓര്‍ മകള്‍ പൂര്‍ത്തിയാവില്ല. ചിയ്യാരം സെന്റ് മേരീസ് കോണ്‍വന്റ് സി.യു.പി. സ്‌കൂളിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ കുസുമം ടീച്ചറെന്ന അധ്യായം കൂടി എഴുതിച്ചേര്‍ക്കാതെ അത് പൂര്‍ത്തിയാകാനാവില്ല.ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഞങ്ങളുടെ ബാച്ചിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഒരു റീയൂണിയന്‍ സംഘടിപ്പിച്ചത്. അന്നാണ് മൂന്നര പതിറ്റാണ്ടിലേറെയായി ടീച്ചർ അധ്യാപനവൃത്തിയുമായി മുന്നോട്ടു പോകുന്നുവെന്നറിയുന്നത്. ഇതിനിടയിൽ എത്ര തലമുറയെ പഠിപ്പിക്കാനുള്ള ഭാഗ്യം ടീച്ചര്‍ക്കുണ്ടായിട്ടുണ്ടാകു൦? ഇതിലുമപ്പുറം ഒരധ്യാപികയെ സംബന്ധിച്ചിടത്തോളം മറ്റെന്താണ് വേണ്ടത്. തലമുറകള്‍ക്ക് അക്ഷരവെളിച്ചത്തിന്റെ മയില്‍പ്പീലിത്തുണ്ടുകള്‍ പകര്‍ന്നുനല്‍കിയ ആ പുണ്യജന്മത്തിന് ആയിരം പൂര്‍ണചന്ദ്രന്മാരെ കാണാനുള്ള ഭാഗ്യം സര്‍വേശ്വരന്‍ നല്‍ കട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു...

ജെറിന്‍ ഡേവിസ് പൂ൪വവിദ്യാ൪ത്ഥി